Thursday, March 6, 2025

തറാവീഹ് ജമാഅത്തായിട്ട് പള്ളിയിൽ നമസ്കരിക്കൽ നിർബന്ധമാണോ? തറാവീഹും വിത്റും എത്ര റക്കഅത്ത് നമസ്കരിക്കുന്നതാണ് പ്രബലമായ നബിചര്യ ?

 ചോദ്യം :  തറാവീഹ് ജമാഅത്തായിട്ട് പള്ളിയിൽ നമസ്കരിക്കൽ നിർബന്ധമാണോ? തറാവീഹും വിത്റും എത്ര റക്കഅത്ത് നമസ്കരിക്കുന്നതാണ് പ്രബലമായ നബിചര്യ ?

WWW .FIQHUSSUNNA .COM 

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وبعد؛

തറാവീഹ് പള്ളിയിൽ വെച്ച് ജമാഅത്തായി നിർവഹിക്കൽ നിർബന്ധമല്ല.  അത് നബി () പഠിപ്പിച്ച ഒരു  സുന്നത്താണ്. ഇമാമിനോടൊപ്പം രാത്രി നമസ്കാരം പൂർണമായി നിസ്കരിച്ചവന് രാത്രി മുഴുവനും നിസ്കരിച്ച പ്രതിഫലം ലഭിക്കും എന്ന് നബി () പഠിപ്പിച്ചിട്ടുണ്ട്.

قال صلى الله عليه وسلم : ( مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ )

നബി () പറഞ്ഞു: "ആരെങ്കിലും ഇമാമിനോടൊപ്പം രാത്രി നമസ്കാരം പൂർണമായി നിർവഹിച്ചാൽ അയാൾക്ക് രാത്രി മുഴുവനും നിർവഹിച്ച പ്രതിഫലം ഉണ്ട്" [رواه الترمذي (806) وصححه وأبو داود (1375) والنسائي (1605) وابن ماجه (1327) . وصححه الألباني في "صحيح الترمذي" ].

ഇനി അത് താങ്കൾക്ക് വീട്ടിൽ വെച്ചും നിസ്കരിക്കാം. രാത്രി ഉറങ്ങി എഴുന്നേറ്റ ശേഷവും നിസ്കരിക്കാം. എന്നാൽ പരിശുദ്ധ റമളാൻ മാസത്തിൽ ഇമാമിനോടൊപ്പം പള്ളിയിൽ വെച്ച് നിസ്കരിച്ചാൽ മുകളിൽ ഉദ്ദരിച്ച ഹദീസിലെ പ്രതിഫലം ലഭിക്കുന്നതാണ്.

അതിലെ റകഅത്തുകളുടെ എണ്ണം ഏറ്റവും പ്രബലമായി സ്ഥിരപ്പെട്ടത് 11 റകഅത്ത് എന്നതാണ്. ഇമാം ബുഖാരിയും മുസ്ലിമും ഉദ്ദരിച്ച മുത്തഫഖുൻ അലൈഹി ആയ ഹദീസിൽ ഇപ്രകാരം കാണാം:

عَنْ أَبِي سَلَمَةَ بْنِ عَبْدِ الرَّحْمَنِ ، أَنَّهُ سَأَلَ عَائِشَةَ رَضِيَ اللَّهُ عَنْهَا : كَيْفَ كَانَتْ صَلاَةُ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي رَمَضَانَ ؟ قَالَتْ : " مَا كَانَ يَزِيدُ فِي رَمَضَانَ وَلاَ فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكْعَةً ، يُصَلِّي أَرْبَعَ رَكَعَاتٍ ، فَلاَ تَسْأَلْ عَنْ حُسْنِهِنَّ وَطُولِهِنَّ ، ثُمَّ يُصَلِّي أَرْبَعًا ، فَلاَ تَسْأَلْ عَنْ حُسْنِهِنَّ وَطُولِهِنَّ ، ثُمَّ يُصَلِّي ثَلاَثًا ، فَقُلْتُ : يَا رَسُولَ اللَّهِ تَنَامُ قَبْلَ أَنْ تُوتِرَ؟ قَالَ : ( تَنَامُ عَيْنِي وَلاَ يَنَامُ قَلْبِي ) .

അബൂ സലമഃ ബ്നു അബ്ദുറഹ്മാൻ നിവേദനം: അദ്ദേഹം ആഇശാ () യോട് ഇപ്രകാരം ചോദിച്ചു: റമളാനിൽ നബി () യുടെ നമസ്കാരം എപ്രകാരം ആയിരുന്നു. അവർ പറഞ്ഞു: നബി () റമളാനിലോ അല്ലാത്ത സമയത്തോ പതിനൊന്നു റകഅത്തിൽ കൂടുതൽ നിസ്‌കരിക്കാറുണ്ടായിരുന്നില്ല. അദ്ദേഹം നാല് റകഅത്തുകൾ നിർവഹിക്കും. അവയുടെ ദൈർഘ്യത്തെ കുറിച്ചും ഭംഗിയെ കുറിച്ചും നീ ചോദിക്കേണ്ടതില്ല. ശേഷം അടുത്ത നാല് നിസ്കരിക്കും. അവയുടെ ദൈർഘ്യത്തെ കുറിച്ചും ഭംഗിയെ കുറിച്ചും നീ ചോദിക്കേണ്ടതില്ല. ശേഷം മൂന്ന് റകഅത്ത് നിസ്കരിക്കും. ഞാനദ്ദേഹത്തോട് ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ താങ്കൾ വിത്ർ നിസ്കരിക്കും മുൻപ് ഉറങ്ങുകയാണോ ?. അദ്ദേഹം പറഞ്ഞു: എൻ്റെ കണ്ണുകൾ ഉറങ്ങിയാലും ഹൃദയം ഉറങ്ങുന്നില്ല". - [رواه البخاري (3569) ، ومسلم (738)]

ഹദീസിൽ വ്യക്തമായി 11 എന്ന് എണ്ണം വന്നിട്ടുണ്ട്. മറ്റൊരു റിപ്പോർട്ടിൽ 13 എന്ന് വന്നിട്ടുണ്ട്. അത് ഫജ്റിൻ്റെ മുൻപുള്ള രണ്ട് റകഅത്ത് കൂടി ഉൾപ്പടെ ആണെന്നും അഭിപ്രായം ഉണ്ട്.

ഏതായാലും 11 എന്നതാണ് പ്രബലമായ അഭിപ്രായം. ഇനി അത് അതിൽക്കൂടുതൽ എത്ര ആയാലും കുഴപ്പമില്ല എന്നും പല ഫുഖഹാക്കളും അഭിപ്രായപെട്ടിട്ടുണ്ട്. കാരണം രാത്രി നമസ്കാരത്തിൻ്റെ രൂപം ചോദിച്ച് വന്ന ഒരു സ്വഹാബിയോട്, താങ്കൾ ഈരണ്ട് ഈരണ്ട് റകഅത്തായി നിസ്കരിക്കുക. സുബഹി ആകുമെന്ന് ഭയപ്പെട്ടാൽ വിത്ർ നിസ്കരിച്ച് അവസാനിപ്പിക്കുക എന്ന ഹദീസ് വന്നിട്ടുണ്ട്. അദ്ദേഹത്തോട് നബി () നിശ്ചിത എണ്ണം പറഞ്ഞിട്ടില്ല എന്നതുകൊണ്ട് എത്രയും ആകാം എന്ന് ഉലമാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം അദ്ദേഹം രാത്രി നമസ്കാരം എങ്ങനെ എന്ന് ചോദിച്ചു വന്ന വ്യക്തിയായതുകൊണ്ടു തന്നെ ഒരു നിശ്ചിത എണ്ണം ഉണ്ടായിരുന്നെങ്കിൽ അത് പറയുമായിരുന്നു എന്നതാണ് അവരുടെ അവലംബം.

تأخير البيان عن وقت الحاجة لا يجوز
ഒരു കാര്യം തിരക്കി വന്ന ആളോട് അതുമായി ബന്ധപ്പെട്ട സുപ്രധാന കാര്യം പറയാതിരിക്കാൻനിർവാഹമില്ല എന്ന ഒരു അടിസ്ഥാനവും ഫിഖ്ഹിൽ ഉണ്ട്. 

ഇമാം ബുഖാരി ഉദ്ദരിച്ച ഹദീസ് ഇപ്രകാരമാണ്: 

سَأَلَ رَجُلٌ النبيَّ صَلَّى اللهُ عليه وسلَّمَ وهو علَى المِنْبَرِ: ما تَرَى في صَلَاةِ اللَّيْلِ؟ قَالَ: مَثْنَى مَثْنَى، فَإِذَا خَشِيَ الصُّبْحَ صَلَّى واحِدَةً، فأوْتَرَتْ له ما صَلَّى

"ഒരാൾ നബി () മിമ്പറിൽ ആയിരിക്കെ അദ്ദേഹത്തോട് ചോദിച്ചു: രാത്രി നമസ്‌കാരം എങ്ങനെയാണ് ?. അദ്ദേഹം പറഞ്ഞു: ഈരണ്ട് ഈരണ്ട് റകഅത്താണ്. സുബ്ഹിയാകും എന്ന് ഭയപ്പെട്ടാൽ ഒരു റകഅത്ത് നിസ്കരിക്കുക. അതുവരെ നിസ്കരിച്ചതിനുള്ള വിത്ർ ആണത്". - [متفق عليه]. 

ഇതാണ് എത്രയും റകഅത്ത് ആകാം എന്ന് അഭിപ്രായപ്പെട്ടവരുടെ അവലംബം. അല്ലാഹു അനുഗ്രഹിക്കട്ടെ ..

والله تعالى أعلم

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്