Monday, July 27, 2015

രോഗി പാലിക്കേണ്ട കാര്യങ്ങള്‍ - [തല്‍ഖീസു അഹ്കാമില്‍ ജനാഇസ് - അല്‍ബാനി. അദ്ധ്യായം: 1].


الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛


(ശൈഖ് അല്‍ബാനി റഹിമഹുല്ലയുടെ മരണാനന്തര കര്‍മ്മങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥത്തിന്‍റെ സംക്ഷിപ്ത രൂപമായ, അദ്ദേഹം തന്നെ രചിച്ച: تلخيص أحكام الجنائز എന്ന ഗ്രന്ഥത്തിന്‍റെ വിവര്‍ത്തനമാണിത്).


അദ്ധ്യായം ഒന്ന്:

ما يجب على المريض
രോഗി പാലിക്കേണ്ട കാര്യങ്ങള്‍:


ഒന്ന്:   അല്ലാഹുവിന്റെ വിധിയിലും തീരുമാനത്തിലും തൃപ്തിപ്പെടുകയും, അവന്‍റെ വിധിയില്‍ ക്ഷമിക്കുകയും, തന്‍റെ റബ്ബിനെക്കുറിച്ച് നല്ലത് മാത്രം ചിന്തിക്കുകയും, എല്ലാം തന്‍റെ നന്മക്കാണ് എന്ന് കരുതുകയും ചെയ്യല്‍ രോഗിയെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമാണ്‌. കാരണം റസൂല്‍ (സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു:
عجبا لأمر المؤمن إن أمره له كله خير، وليس ذلك لأحد إلا للمؤمن، إن أصابته سراء شكر فكان خيرا له، وإن أصابته ضراء صبر فكان خيرا له.
“ഒരു സത്യവിശ്വാസിയുടെ കാര്യം എത്ര അത്ഭുതകരമാണ്. അവന് ഭവിക്കുന്നതെല്ലാം അവന്‍റെ നന്മാക്കാണ്. ആ (സൗഭാഗ്യം) ഒരു വിശ്വാസിക്കല്ലാതെ മറ്റൊരാള്‍ക്കുമില്ല. (കാരണം) അവന് വല്ല നന്മയുമുണ്ടായാല്‍ അവന്‍ അല്ലാഹുവിന് നന്ദി കാണിക്കുന്നു. അപ്പോള്‍ അതവന് നന്മയായി മാറുന്നു. അവന് വല്ല ദോഷവുമുണ്ടായാല്‍ അവന്‍ ക്ഷമിക്കുന്നു. അപ്പോള്‍ അതും അവന് നന്മയായി മാറുന്നു.” – [صحيح الترغيب والترهيب : 3398].


അതുപോലെ അദ്ദേഹം പറഞ്ഞു:

لا يموتن أحدكم إلا وهو يحسن الظن بالله عز وجل
“പരമോന്നതനായ അല്ലാഹുവിനെപ്പറ്റി നല്ലത് മാത്രം കരുതുന്നവരായിക്കൊണ്ടല്ലാതെ നിങ്ങളിലൊരാളും മരണപ്പെടരുത്.” – [صحيح الترغيب والترهيب : 3385].


രണ്ട് :  അതുപോലെ ഒരു രോഗി എപ്പോഴും ഭയത്തിനും പ്രതീക്ഷക്കും ഇടയിലായിരിക്കണം. അതായത് അല്ലാഹുവിന്‍റെ ശിക്ഷയെക്കുറിച്ചുള്ള ഭയവും അവന്‍റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും. ഇമാം തിര്‍മിദിയും മറ്റു മുഹദ്ദിസീങ്ങളുമൊക്കെ റിപ്പോര്‍ട്ട് ചെയ്ത അനസ്(റ) ഉദ്ദരിക്കുന്ന പ്രസിദ്ധമായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം:
عن أنس أيضا رضي الله عنه: أن النبي صلى الله عليه وسلم دخل على شاب وهو في الموت، فقال: كيف تجدك؟، قال: أرجو الله يا رسول الله، وإني أخاف ذنوبي، فقال رسول الله صلى الله عليه وسلم: لا يجتمعان في قلب عبد في مثل هذا الموطن إلا أعطاه الله ما يرجو وأمنه مما يخاف.

“മരണാസന്നനായ ഒരു യുവാവിന്‍റെ അടുക്കലേക്ക് റസൂല്‍ (സ) പ്രവേശിച്ചു. അദ്ദേഹം ചോദിച്ചു: എന്താണ് നിനക്കനുഭവപ്പെടുന്നത് ?. അവന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ ; അല്ലാഹുവാണ് സത്യം ഞാന്‍ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. എന്‍റെ പാപങ്ങളെയോര്‍ത്ത് ഭയപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞു: (ഭയവും പ്രതീക്ഷയും) അവ രണ്ടും ഒരടിമയുടെ ഹൃദയത്തില്‍ ഇത്തരം ഒരു സന്ദര്‍ഭത്തില്‍ സംഘമിക്കുകയാണെങ്കില്‍, അവന്‍ എന്താണോ പ്രതീക്ഷിക്കുന്നത് അതല്ലാഹു അവന് നല്‍കാതിരിക്കില്ല. എന്തില്‍ നിന്നാണോ അവന്‍ ഭയപ്പെടുന്നത് അതില്‍ നിന്നവന് നിര്‍ഭയത്വം നല്‍കാതിരിക്കുകയുമില്ല.” – [
صحيح الترغيب والترهيب : 3383].
 

മൂന്ന്‍: രോഗം എത്ര മൂര്‍ച്ചിച്ചാലും അവന്‍ മരണത്തെ ആഗ്രഹിക്കരുത്.
നബി (സ) പറഞ്ഞു:
فإن كان ولا بد فاعلا، فليقل: اللهم أحيني ما كانت الحياة خيرا لي، وتوفني إذا كانت الوفاة خيرا لي.

“അവനത് അനിവാര്യമായി വന്നാല്‍ അവനിപ്രകാരം പറഞ്ഞുകൊള്ളട്ടെ : “അല്ലാഹുവേ ജീവിച്ചിരിക്കുന്നതിലാണ് എനിക്ക് നന്മയുള്ളത് എങ്കില്‍ നീയെന്നെ ജീവിപ്പിക്കേണമേ. മരണപ്പെടുന്നതിലാണ് എനിക്ക് നന്മയുള്ളതെങ്കില്‍ നീയെന്നെ മരിപ്പിക്കേണമേ.” – [
صحيح الترغيب والترهيب : 3370].
നാല്: മറ്റുള്ളവരോട് ബാധ്യതയോ കടപ്പാടോ ഉണ്ടെങ്കില്‍, സാധിക്കുന്നപക്ഷം അതവന്‍ അതിന്‍റെ അവകാശികള്‍ക്ക് നല്‍കണം. സാധിക്കാത്ത പക്ഷം അത് നിറവേറ്റാന്‍ വസ്വിയ്യത്ത് ചെയ്യണം. കാരണം റസൂല്‍ (സ) അപ്രകാരം കല്പിച്ചിട്ടുണ്ട്.


അഞ്ച്:
അത്തരം വസ്വിയ്യത്തുകള്‍ പെട്ടെന്ന് തന്നെ എഴുതിവെക്കണം. (അതില്‍ അലംഭാവം കാണിക്കരുത്). റസൂല്‍ (സ) പറഞ്ഞു:


ما حق امرئ مسلم يبيت ليلتين وله شيء يوصي فيه إلا ووصيته مكتوبة عنده.
ഒരു മുസ്‌ലിമിന് ഒരു കാര്യത്തില്‍ വസ്വിയ്യത്ത് ചെയ്യാനുണ്ടായിരിക്കെ, അതവന്‍റെ തലയ്ക്കരികില്‍ എഴുതിവച്ചിട്ടല്ലാതെ രണ്ട് രാത്രികള്‍ അവന്‍ അന്തിയുറങ്ങരുത്.” ഇബ്നു ഉമര്‍ (റ) പറഞ്ഞു: “റസൂല്‍ (സ) അത് പറയുന്നത് കേട്ട ശേഷം എന്‍റെ വസ്വിയ്യത്ത് കൈവശമില്ലാത്ത ഒരൊറ്റ രാത്രിപോലും ഞാന്‍ കഴിച്ചുകൂട്ടിയിട്ടില്ല.” – [صححه الألباني في صحيح وضعيف سنن الترمذي :974، سنن ابن ماجة :2699 ].

 
ആറ്:  തന്നില്‍ നിന്നും അനന്തര സ്വത്ത് ലഭിക്കാനിടയില്ലാത്ത (അനന്തരാവകാശികളല്ലാത്ത) ബന്ധുക്കള്‍ക്ക് വേണ്ടി വസ്വിയത്ത് ചെയ്യണം. കാരണം അല്ലാഹു പറയുന്നു:
كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِن تَرَكَ خَيْرًا الْوَصِيَّةُ لِلْوَالِدَيْنِ وَالأَقْرَبِينَ بِالْمَعْرُوفِ حَقًّا عَلَى الْمُتَّقِينَ

“നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത്‌ ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക്‌ ഒരു കടമയത്രെ അത്‌.”- [അല്‍ബഖറ:180].ഏഴ്:   തന്റെ സ്വത്തിന്‍റെ മൂന്നിലൊന്ന് വരെ ഒരാള്‍ക്ക് വസ്വിയ്യത്ത് ചെയ്യാം. മൂന്നിലൊന്നില്‍ കൂടുതല്‍ വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ല. ഇനി മൂന്നിലൊന്നിലും താഴെയാണ് ഒരാള്‍ വസ്വിയത്ത് ചെയ്യുന്നത് എങ്കില്‍ അതാണ്‌ ഉത്തമം. സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും ഉദ്ദരിക്കപ്പെട്ട സഅദ് ബിന്‍ അബീ വഖാസ് (റ) വിന്‍റെ ഹദീസില്‍ ഇപ്രകാരം കാണാം:
كنت مع رسول الله صلى الله عليه وسلم في حجة الوداع فمرضت مرضا أشفيت منه على الموت فعادني رسول الله صلى الله عليه وسلم فقلت : يا رسول الله إن لي مالا كثيرا وليس يرثني إلا ابنة لي أفأوصي بثلي مالي ؟ قال : لا . قلت : بشطر مالي ؟ قال : لا . قلت : فثلث مالي ؟ قال : الثلث والثلث كثير، إنك يا سعد؛ أن تدع ورثتك أغنياء خير لك من أن تدعهم عالة يتكففون الناس، [ وقال بيده ] إنك يا سعد لن تنفق نفقة تبتغي بها وجه الله تعالى إلا أجرت عليها، حتى اللقمة تجعلها في في امرأتك.

“ഹജ്ജത്തുല്‍ വദാഇന്‍റെ വേളയില്‍ ഞാന്‍ റസൂല്‍ (സ) ക്കൊപ്പം  ഉണ്ടായിരുന്നു. ആ സന്ദര്‍ഭത്തില്‍ മരണത്തെ മുന്നില്‍ കാണുന്നപോലുള്ള ഒരു രോഗം എന്നെ ബാധിച്ചു. അങ്ങനെ റസൂല്‍ (സ) എന്നെ സന്ദര്‍ശിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ എനിക്കൊരുപാട് സമ്പത്തുണ്ട്. എനിക്കാണെങ്കില്‍ അനന്തരാവകാശിയായി ഒരു പെണ്‍കുട്ടി മാത്രമേയുള്ളൂ. ഞാനെന്‍റെ സമ്പത്തിന്റെ മൂന്നില്‍ രണ്ട് വസ്വിയത്ത് ചെയ്യട്ടെ ?. അദ്ദേഹം പറഞ്ഞു: പാടില്ല. ഞാന്‍ ചോദിച്ചു: എങ്കില്‍ സമ്പത്തിന്റെ പകുതി ?.
അദ്ദേഹം പറഞ്ഞു: പാടില്ല. ഞാന്‍ ചോദിച്ചു: എങ്കില്‍ മൂന്നിലൊന്ന് ?. അദ്ദേഹം പറഞ്ഞു: മൂന്നിലൊന്ന്. മൂന്നിലൊന്ന് തന്നെ ധാരാളമാണ്. സഅദേ, തീര്‍ച്ചയായും നിന്‍റെ അനന്തരാവകാശികളെ ധന്യരായി വിട്ടേച്ച് പോകുന്നതാണ് അവരെ ആളുകള്‍ക്ക് മുന്‍പില്‍ കൈ നീട്ടുന്ന ആശ്രിതരായി വിട്ടേച്ച് പോകുന്നതിനേക്കാള്‍ നിനക്ക് നല്ലത്. അദ്ദേഹം തന്‍റെ തിരുകരങ്ങള്‍ കൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു: സഅദേ, അല്ലാഹുവിന്‍റെ മുഖം കാംക്ഷിച്ചുകൊണ്ട്‌ നീ ചെയ്യുന്ന ഏതൊരു ദാനധര്‍മ്മത്തിനും നിനക്ക് പ്രതിഫലം ലഭിക്കാതിരിക്കില്ല. അത് നിന്‍റെ ഭാര്യയുടെ വായില്‍ നീ വെച്ചുകൊടുക്കുന്ന ഒരു ഉരുളയാണെങ്കില്‍ പോലും.” – [متفق عليه].
[ قال : فكان بعد الثلث جائزا ]
       [അദ്ദേഹം പറഞ്ഞു: “അങ്ങനെ മൂന്നിലൊന്ന് വരെ നല്‍കല്‍ അനുവദിക്കപ്പെട്ടു.”].

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: “വസ്വിയത്ത് ചെയ്യുമ്പോള്‍ ആളുകള്‍ മൂന്നിലൊന്നില്‍ നിന്നും കാല്‍ഭാഗം നല്‍കുന്നതിലേക്ക് ഒതുങ്ങിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ഞാന്‍ ആഗ്രഹിച്ചു. കാരണം ‘മൂന്നിലൊന്ന് തന്നെ’ ധാരാളമാണ് എന്നാണ് നബി (സ) പരാമര്‍ശിച്ചത്.”


എട്ട്:
ആ വസ്വിയത്തിന് മുസ്ലിമീങ്ങളില്‍ നിന്നുള്ള വിശ്വാസയോഗ്യരായ രണ്ട് പേരെ സാക്ഷികളാക്കണം. ഇനി അവര്‍ ലഭ്യമല്ലെങ്കില്‍ അമുസ്ലിമീങ്ങളായ രണ്ടുപേരെ സാക്ഷിയാക്കണം. സാക്ഷ്യത്തെ സംബന്ധിച്ച് സംശയിക്കപ്പെടാനിടവരുന്ന ഘട്ടത്തില്‍ സത്യം ചെയ്യ്പ്പിക്കുമെന്ന ഉപാധിയോടെയായിരിക്കും അവരുടെ (സാക്ഷിത്വം സ്വീകരിക്കുന്നത്). അപ്രകാരമാണ് അല്ലാഹു വ്യക്തമാക്കിയിട്ടുള്ളത്. അല്ലാഹു പറയുന്നു:


يَا أَيُّهَا الَّذِينَ آمَنُوا شَهَادَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ حِينَ الْوَصِيَّةِ اثْنَانِ ذَوَا عَدْلٍ مِّنكُمْ أَوْ آخَرَانِ مِنْ غَيْرِكُمْ إِنْ أَنتُمْ ضَرَبْتُمْ فِي الْأَرْضِ فَأَصَابَتْكُم مُّصِيبَةُ الْمَوْتِ ۚ تَحْبِسُونَهُمَا مِن بَعْدِ الصَّلَاةِ فَيُقْسِمَانِ بِاللَّهِ إِنِ ارْتَبْتُمْ لَا نَشْتَرِي بِهِ ثَمَنًا وَلَوْ كَانَ ذَا قُرْبَىٰ ۙ وَلَا نَكْتُمُ شَهَادَةَ اللَّهِ إِنَّا إِذًا لَّمِنَ الْآثِمِينَ

“സത്യവിശ്വാസികളേ, നിങ്ങളിലൊരാള്‍ക്ക്‌ മരണമാസന്നമായാല്‍ വസ്വിയ്യത്തിന്‍റെ സമയത്ത്‌ നിങ്ങളില്‍ നിന്നുള്ള നീതിമാന്‍മാരായ രണ്ടുപേര്‍ നിങ്ങള്‍ക്കിടയില്‍ സാക്ഷ്യം വഹിക്കേണ്ടതാണ്‌. ഇനി നിങ്ങള്‍ ഭൂമിയിലൂടെ യാത്രചെയ്യുന്ന സമയത്താണ്‌ മരണവിപത്ത്‌ നിങ്ങള്‍ക്ക്‌ വന്നെത്തുന്നതെങ്കില്‍ (വസ്വിയ്യത്തിന്‌ സാക്ഷികളായി) നിങ്ങളല്ലാത്തവരില്‍ പെട്ട രണ്ടുപേരായാലും മതി. നിങ്ങള്‍ക്ക്‌ സംശയം തോന്നുകയാണെങ്കില്‍ അവരെ രണ്ടുപേരെയും നമസ്കാരം കഴിഞ്ഞതിന്‌ ശേഷം നിങ്ങള്‍ തടഞ്ഞ്‌ നിര്‍ത്തണം. എന്നിട്ടവര്‍ അല്ലാഹുവിന്‍റെ പേരില്‍ ഇപ്രകാരം സത്യം ചെയ്ത്‌ പറയണം: ഇതിന്‌ (ഈ സത്യം മറച്ചു വെക്കുന്നതിന്‌) പകരം യാതൊരു വിലയും ഞങ്ങള്‍ വാങ്ങുകയില്ല. അത്‌ അടുത്ത ഒരു ബന്ധുവെ ബാധിക്കുന്ന കാര്യമായാല്‍ പോലും. അല്ലാഹുവിനുവേണ്ടി ഏറ്റെടുത്ത സാക്ഷ്യം ഞങ്ങള്‍ മറച്ച്‌ വെക്കുകയില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ കുറ്റക്കാരില്‍ പെട്ടവരായിരിക്കും.” – [മാഇദ:106].

فَإِنْ عُثِرَ عَلَىٰ أَنَّهُمَا اسْتَحَقَّا إِثْمًا فَآخَرَانِ يَقُومَانِ مَقَامَهُمَا مِنَ الَّذِينَ اسْتَحَقَّ عَلَيْهِمُ الْأَوْلَيَانِ فَيُقْسِمَانِ بِاللَّهِ لَشَهَادَتُنَا أَحَقُّ مِن شَهَادَتِهِمَا وَمَا اعْتَدَيْنَا إِنَّا إِذًا لَّمِنَ الظَّالِمِينَ
ഇനി അവര്‍ ( രണ്ടു സാക്ഷികള്‍ ) കുറ്റത്തിന്‌ അവകാശികളായിട്ടുണ്ട്‌ എന്ന്‌ തെളിയുന്ന പക്ഷം കുറ്റം ചെയ്തിട്ടുള്ളത്‌ ആര്‍ക്കെതിരിലാണോ അവരില്‍ പെട്ട ( പരേതനോട്‌ ) കൂടുതല്‍ ബന്ധമുള്ള മറ്റ്‌ രണ്ടുപേര്‍ അവരുടെ സ്ഥാനത്ത്‌ ( സാക്ഷികളായി ) നില്‍ക്കണം. എന്നിട്ട്‌ അവര്‍ രണ്ടുപേരും അല്ലാഹുവിന്‍റെ പേരില്‍ ഇപ്രകാരം സത്യം ചെയ്ത്‌ പറയണം: തീര്‍ച്ചയായും ഞങ്ങളുടെ സാക്ഷ്യമാകുന്നു ഇവരുടെ സാക്ഷ്യത്തേക്കാള്‍ സത്യസന്ധമായിട്ടുള്ളത്‌. ഞങ്ങള്‍ ഒരു അന്യായവും ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികളില്‍ പെട്ടവരായിരിക്കും.” – [മാഇദ:107].

ذَٰلِكَ أَدْنَىٰ أَن يَأْتُوا بِالشَّهَادَةِ عَلَىٰ وَجْهِهَا أَوْ يَخَافُوا أَن تُرَدَّ أَيْمَانٌ بَعْدَ أَيْمَانِهِمْ ۗ وَاتَّقُوا اللَّهَ وَاسْمَعُوا ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ
അവര്‍ (സാക്ഷികള്‍) മുറപോലെ സാക്ഷ്യം വഹിക്കുന്നതിന്‌ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌. തങ്ങള്‍ സത്യം ചെയ്തതിന്‌ ശേഷം (അനന്തരാവകാശികള്‍ക്ക്‌) സത്യം ചെയ്യാന്‍ അവസരം നല്‍കപ്പെടുമെന്ന്‌ അവര്‍ക്ക്‌ (സാക്ഷികള്‍ക്ക്‌) പേടിയുണ്ടാകുവാനും (അതാണ്‌ കൂടുതല്‍ ഉപകരിക്കുക.) നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും (അവന്‍റെ കല്‍പനകള്‍) ശ്രദ്ധിക്കുകയും ചെയ്യുക. ധിക്കാരികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.” – [മാഇദ:108]


ഒന്‍പത്:
  മാതാപിതാക്കള്‍ക്കോ അനന്തരാവകാശികളായ ബന്ധുക്കള്‍ക്കോ വേണ്ടി (സ്വത്ത്) വസ്വിയത്ത് ചെയ്യാന്‍ പാടില്ല. കാരണം അത് അനന്തരാവകാശത്തിന്‍റെ ആയത്തുകൊണ്ട്
نسخ ചെയ്യപ്പെട്ടിട്ടുണ്ട്. അഥവാ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ട്.  ഹജ്ജത്തുല്‍ വദാഇന്‍റെ ഖുത്ബയില്‍ ഒരു സംശയത്തിനിടവരുത്താത്തവിധം അത് വ്യക്തമാക്കിക്കൊണ്ട് റസൂല്‍ (സ) പറഞ്ഞു:

إن الله قد أعطى لكل ذي حق حقه فلا وصية لوارث

“അല്ലാഹു ഓരോരുത്തര്‍ക്കും അവര്‍ക്കുള്ള അവകാശങ്ങള്‍ നിര്‍ണ്ണയിച്ചുനല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അനന്തരാവകാശിക്ക് (വേണ്ടി സ്വത്ത്) വസ്വിയത്ത് ചെയ്യാന്‍ പാടില്ല.” – [صححه الألباني، سنن الترمذي : 2120].

പത്ത്:  
  ഉപദ്രവകരമായ രൂപത്തില്‍ വസ്വിയത്ത് ചെയ്യല്‍ ഹറാമാണ്. അതായത് ചില അനന്തരാവകാശികള്‍ക്ക് അനന്തര സ്വത്തില്‍ നിന്നും നല്‍കരുത്. അതല്ലെങ്കില്‍ അവരില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതല്‍ നല്‍കണം എന്നെല്ലാമുള്ള വസ്വിയത്തുകള്‍ നിഷിദ്ധമാണ്. (മറിച്ച് അല്ലാഹു നിര്‍ണ്ണയിച്ച തോതനുസരിച്ച് മാത്രമാണ് നല്‍കേണ്ടത്). കാരണം അല്ലാഹു തബാറക വ തആല പറയുന്നു:

لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالأَقْرَبُونَ وَلِلنِّسَاء نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ نَصِيبًا مَّفْرُوضًا

“മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക്‌ ഓഹരിയുണ്ട്‌. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്‌. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത്‌ നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു”. –[നിസാഅ്:7]. ശേഷം അല്ലാഹു പറഞ്ഞു:
مِن بَعْدِ وَصِيَّةٍ يُوصَى بِهَا أَوْ دَيْنٍ غَيْرَ مُضَارٍّ وَصِيَّةً مِّنَ اللَّهِ وَاللَّهُ عَلِيمٌ حَلِيمٌ

“ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്‌.
അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു”. –[നിസാഅ്:12]. (വസ്വിയത്ത് ദ്രോഹകരമാകരുത് അഥവാ അല്ലാഹുവിന്‍റെ വിധിവിലക്കുകളെ മറികടക്കുന്നതാവരുത് എന്ന് ഈ ആയത്ത് പഠിപ്പിക്കുന്നു).അതുപോലെ റസൂല്‍ (സ) പറഞ്ഞു:
لا ضرر ولا ضرار ، ومن ضار ضاره الله ، ومن شاق شاقه الله.
നിങ്ങള്‍ സ്വയം ഉപദ്രവിക്കുകയോ മറ്റുള്ളവര്‍ക്ക് ഉപദ്രവം ചെയ്യുകയോ ചെയ്യരുത്. ആരെങ്കിലും ഉപദ്രവം ചെയ്‌താല്‍ അല്ലാഹുവും അവനെ ഉപദ്രവിക്കും. ആര് അക്രമം പ്രവര്‍ത്തിക്കുന്നുവോ അല്ലാഹുവും അവനെ അക്രമിക്കും (ശിക്ഷിക്കും)”. – [صححه الألباني في سلسلة الصحيحة – مختصرة :250].


(സമാനമായ കാര്യം സൂറത്തുല്‍ ഹഷ്റിന്‍റെ നാലാമത്തെ ആയത്തിലും അല്ലാഹു ഉണര്‍ത്തുന്നുണ്ട്: “വല്ലവനും അല്ലാഹുവുമായി മത്സരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.”).


പതിനൊന്ന്:  അന്യായമായ വസ്വിയത്ത് ബാത്വിലും (അസാധുവും) അസ്വീകാര്യവുമാണ്. കാരണം നബി (സ) പറഞ്ഞു:
" من عمل عملاً ليس عليه أمرنا ؛ فهو رد "

“നമ്മുടെ ഈ കാര്യത്തിലില്ലാത്തതിനെ (മതത്തിലില്ലാത്തതിനെ) ആരെങ്കിലും പുതുതായുണ്ടാക്കിയാല്‍ അത് മടക്കപ്പെടുന്നതാണ് (അസ്വീകാര്യമാണ്)”. – [
متفق عليه].


പന്ത്രണ്ട്:
  നമ്മുടെ ഈ കാലഘട്ടത്തില്‍ ഒട്ടനവധി ആളുകളും മതത്തില്‍ പുത്തന്‍കാര്യങ്ങള്‍ കടത്തിക്കൂട്ടുന്നവരാണ്, പ്രത്യേകിച്ചും ജനാസയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എന്നതുകൊണ്ടുതന്നെ നബി (സ) യുടെ ചര്യപ്രകാരം തന്‍റെ  മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യപ്പെടാനും തന്നെ മറവ് ചെയ്യാനും വസ്വിയത്ത് ചെയ്യല്‍ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമാണ്‌. അല്ലാഹുവിന്‍റെ കല്പനക്കുള്ള സാക്ഷാല്‍ക്കാരമാണത്. അല്ലാഹു പറയുന്നു:


يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلائِكَةٌ غِلاظٌ شِدَادٌ لا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ

“സത്യവിശ്വാസികളേ
, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന്‌ നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന്‌ പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട്‌ കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട്‌ കാണിക്കുകയില്ല. അവരോട്‌ കല്‍പിക്കപ്പെടുന്നത്‌ എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.” – [തഹ്’രീം:6].

അതുകൊണ്ടാണ് അല്ലാഹുവിന്‍റെ റസൂലിന്റെ സ്വഹാബാക്കള്‍ അപ്രകാരം വസ്വിയത്ത് ചെയ്യാറുണ്ടായിരുന്നത്. അതുമായി ബന്ധപ്പെട്ട ധാരാളം അസറുകള്‍ അവരില്‍ നിന്നും വന്നിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്‍റെ പൂര്‍ണരൂപത്തില്‍ അവ ഉദ്ദരിച്ചത് നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്. അതില്‍പ്പെട്ടതാണ് ഹുദൈഫ (റ) വില്‍ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുള്ള മൊഴിയില്‍, അദ്ദേഹം പറയുന്നു: “ഞാന്‍ മരണപ്പെട്ടാല്‍ നിങ്ങളൊരാളെയും വിളംബരം ചെയ്യാന്‍ ഏല്‍പ്പിക്കരുത്. അത് നഅ്’യില്‍ (മരണവിളംബരത്തില്‍) പെട്ടതാണെന്ന് ഞാന്‍ ഭയപ്പെടുന്നു. റസൂല്‍
() നഅ്’യ് (മരണവാര്‍ത്ത വിളംബരം ചെയ്യുന്നതിനെ) വിലക്കിയതായി ഞാന്‍ കേട്ടിട്ടുണ്ട്”.

(ഇവിടെ ഉദ്ദേശിക്കുന്ന വിലക്കപ്പെട മരണവിളംബരം, കൊട്ടിപ്പാടിയോ, ശബ്ദവാഹിനികള്‍ ഘടിപ്പിച്ചോ ഒക്കെ വിളംബരം ചെയ്ത് പോകുന്ന രീതിയാണ്. എന്നാല്‍ മരണവാര്‍ത്ത വിശ്വാസികള്‍ പരസ്പരം കൈമാറുന്നതിലോ, മരണവാര്‍ത്ത അറിയിക്കാന്‍ മെസ്സേജ്, ഇമെയില്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലോ തെറ്റില്ല. -വിവര്‍ത്തകന്‍).

അതുകൊണ്ടാണ് ഇമാം നവവി (റഹിമഹുല്ല) ഇപ്രകാരം പറഞ്ഞത്: “സാധാരണ നിലക്ക് ജനാസയുമായി ബന്ധപ്പെട്ട് ആളുകള്‍ ചെയ്തുവരാറുള്ള ബിദ്അത്തുകളും അനാചാരങ്ങളും വര്‍ജിക്കണമെന്ന് (തന്‍റെ വേണ്ടപ്പെട്ടവരോട്) വസ്വിയത്ത് ചെയ്യലും, അതിന്‍റെ ഗൗരവത്തെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യല്‍ അത്യധികം  പുണ്യകരമാണ്.”


--------------------------------- 
(Translated by : Abdu Rahman Abdul Latheef. ഈ വിവര്‍ത്തനം അനുവാദമില്ലാതെ പ്രസിദ്ധീകരണാവശ്യത്തിന് ഉപയോഗിക്കരുത്.)