Friday, October 3, 2014

പെരുന്നാളിന് പരസ്പരം ആശംസ പറയൽ.

بسم الله الرحمن الرحيم، الحمد لله رب العالمين، والصلاة والسلام على نبينا محمد، وعلى آله وصحبه، ومن اتبع سنته إلى يوم الدين، أما بعد:

പെരുന്നാൾ സുദിനത്തിൽ സത്യവിശ്വാസികൾക്ക് പരസ്പരം ആശംസകൾ നേരാം.

" നബി (സ) യുടെ സ്വഹാബത്ത് പരസ്പരം 'തഖബ്ബലല്ലാഹു മിന്നാ വ മിന്കും' എന്ന് പറയാറുണ്ടായിരുന്നു. [ഈ റിപ്പോർട്ടിന്റെ സനദ് സ്വഹീഹ് ആണ് എന്ന് ഇമാം അഹ്മദ് രേഖപ്പെടുത്തിയിട്ടുണ്ട്]. ശൈഖ്‌ അൽബാനി റഹിമഹുല്ല തന്റെ തമാമുൽ മിന്നയിൽ പറയുന്നു: അത് ആരിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്ന് അദ്ദേഹം ഉദ്ദരിച്ചിട്ടില്ല. എന്നാൽ ഇമാം സുയൂത്വി അത് മുഹമ്മദ്‌ ബിന് സിയാദ് അൽ അൽഹാനിയുടെ ഹസനായ പരമ്പരയിലൂടെ സാഹിരിലേക്ക് ചേർത്തിപ്പറഞ്ഞിട്ടുണ്ട്].

അഥവാ പെരുന്നാൾ സുദിനത്തിൽ പരസ്പരം ആശംസിക്കാം. സലഫുകളിൽ നിന്നും സ്ഥിരപ്പെട്ട്‌ വന്നിട്ടുള്ളത് 'തഖബ്ബലല്ലാഹു മിന്നാ വ മിന്കും' എന്ന പ്രയോഗമാണ്. എന്നാൽ അത് പ്രത്യേകമായ ഒരു സുന്നത്തായി പരിഗണിക്കുവാൻ പാടില്ല.

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ റഹിമഹുല്ല പറയുന്നു: " പെരുന്നാൾ നമസ്കാര ശേഷം പരസ്പരം കണ്ടുമുട്ടിയാൽ تقبل الله منا ومنكم , أحاله الله عليك പോലുള്ള ആശംസകൾ ചില സ്വഹാബിമാരിൽ നിന്നും അവർ ചെയ്തിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം അഹ്മദും മറ്റു ചില പണ്ഡിതന്മാരും അതിൽ ഇളവ് നല്കിയിട്ടുണ്ട്. പക്ഷെ ഇമാം അഹ്മദ് പറഞ്ഞത്: ഞാനായിട്ട് ആശംസ പറഞ്ഞു തുടങ്ങില്ല. എന്നാൽ എന്നോട് ആരെങ്കിലും ആശംസ നേർന്നാൽ ഞാൻ തിരിച്ചും ആശംസ പറയും. കാരണം ഒരാള് ഇങ്ങോട്ട് സലാം പറഞ്ഞാൽ മറുപടി പറയൽ നിർബന്ധമാണല്ലോ. എന്നാൽ ആശംസ കൊണ്ട് തുടങ്ങുക എന്നുള്ളത് ഒരു കല്പിക്കപ്പെട്ട സുന്നത്ത് എന്ന് പറയാൻ പറ്റില്ല. അത് വിരോധിക്കപ്പെട്ടത് ആണ് എന്നും പറയാൻ സാധിക്കില്ല. അത് ചെയ്യുന്നവർക്കും മാതൃകയുണ്ട്. ഉപേക്ഷിക്കുന്നവർക്കും മാതൃകയുണ്ട്. " [ മജ്മൂഉ ഫതാവ . 24/253].

ഇതിൽ നിന്നും കാര്യങ്ങൾ വ്യക്തമാണ്. ആശംസകൾ നേരുന്നതിനു പ്രത്യേകമായ ഒരു പ്രാധാന്യമോ, ഒരു പ്രത്യേക രൂപമോ ഇല്ല. എന്നാൽ 'തഖബ്ബലല്ലാഹു മിന്നാ വ മിന്കും' എന്നത് സ്വഹാബത്ത് പരസ്പരം ആശംസിച്ചതായി സ്ഥിരപ്പെട്ട്‌ വന്നിട്ടുണ്ട്. ആളുകളുടെ ആദത്തുമായി ബന്ധപ്പെട്ട കാര്യം ആയതിനാൽ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. അവർക്കിഷ്ടമുള്ള പദങ്ങൾ ഉപയോഗിക്കാം. പക്ഷെ ഹറാമായ പദങ്ങളോ അർഥങ്ങളോ അടങ്ങിയ ആശംസകൾ പാടില്ല. അത് ഒരു സന്തോഷം പങ്കുവെക്കലിന്റെ  ഭാഗമാണ്.

ശൈഖ്‌ ഇബ്നു ഉസൈമീൻ റഹിമഹുല്ല പറയുന്നു:  
പെരുന്നാൾ സുദിനത്തിൽ പരസ്പരം ആശംസകൾ നേരുക എന്നത് സ്വഹാബത്ത്തിൽ നിന്നും സ്ഥിരപ്പെട്ട്‌ വന്നിട്ടുണ്ട്. ഇനി അപ്രകാരം വിന്നിട്ടില്ല എന്ന് വച്ചാൽ തന്നെ അത് ആളുകൾക്കിടയിൽ സർവസാധാരണയായ ഒരു സംഗതിയാണ്. വ്രതവും ഖിയാമുമൊക്കെ പൂർത്തിയായി പെരുന്നാൾ പിറന്നപ്പോൾ ആളുകള് പരസ്പരം ആശംസിക്കുന്നു. - [മജ്മൂഉ ഫതാവ, വോ: 16, ഫിഖ്ഹ്, പേജ്: 208].

ശൈഖ്‌ സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലയോട് ചോദിക്കപ്പെട്ടു: പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുന്പായി  ആശംസ നേരുന്നത് പാടില്ല അത് ബിദ്അത്താണ് എന്ന ഒരു മെസ്സേജ് ഇന്ന് ആളുകൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം?

ഉത്തരം: ആ പറഞ്ഞത് ഞാൻ കേട്ടിട്ടില്ല. അതവർ പ്രചരിപ്പിക്കുന്നതാണ്. അതിനൊരു അടിസ്ഥാനവും ഉള്ളതായി എനിക്കറിയില്ല. പെരുന്നാൾക്ക് ആശംസ നേരുന്നത് അനുവദനീയമാണ്. പെരുന്നാളിന് ശേഷവും അത് അനുവദനീയമാണ്. എന്നാൽ പെരുന്നാളിന് മുന്പായി ആശംസ പറയുക എന്നത് സലഫുകളാരും ചെയ്തതായി എനിക്കറിയില്ല. ഒരു സംഗതി പിറക്കാതെ ആശംസകൾ നേരുമോ ?. കൃത്യമായ പ്രമാണമില്ലെങ്കിലും പെരുന്നാൾ ദിനത്തിലോ, അതിന്റെ പിറ്റേ ദിവസങ്ങളിലോ ആശംസകൾ നേരാം. 

ശൈഖ്‌ സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലയുടെ മറുപടി കേള്ക്കാൻ ഈ വീഡിയോ കാണുക:

ശൈഖ്‌ സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലയുടെ ഈ ഫത്'വയിലും, ആശംസകൾ നേരുന്നതിനെ ബിദ്അത്ത് എന്ന് പറയുന്നതിനെ അദ്ദേഹം എതിർക്കുന്നു. അതൊരു അനുവദനീയമായ കാര്യമാണ്. എന്നാൽ പെരുന്നാൾ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലുമാണ് ആശംസകൾ നേരേണ്ടത് എന്ന് സൂചിപ്പിക്കുകയുമാണ് അദ്ദേഹം ചെയ്തത്.

ഏതായാലും പണ്ഡിതന്മാരുടെ വ്യത്യസ്ത വിശദീകരണങ്ങൾ പരിശോധിച്ചാൽ അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് :

1- ആശംസകൾ നേരുന്നതിന് പ്രത്യേക പുണ്യം പരാമർശിക്കപ്പെട്ടിട്ടില്ല.

2- ആശംസകൾ നേരുന്നത് അനുവദനീയമാണ്. സലഫുകളിൽ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുള്ള പദം : 'തഖബ്ബലല്ലാഹു മിന്നാ വ മിന്കും' ,  എന്നാൽ ഇത് ഭാഷയിലും, ഏത് പദങ്ങളിലൂടെയും ആശംസകൾ നേരാം. അതിൽ തെറ്റില്ല. ഹറാമായ പദങ്ങളോ, അർത്ഥങ്ങളോ ആശംസക്ക് ഉപയോഗിക്കരുത്.

3- ആശംസ നേരുന്നത് ബിദ്അത്ത് ആണ് എന്ന വാദത്തിന് യാതൊരു അടിസ്ഥാനവും ഇല്ല.

4- ഹലാലായ രൂപത്തിൽ സന്തോഷം പങ്കിടുന്നതിൽ പെട്ടതാണ് അത്.

5- ആശംസകൾ നേരുന്നതിന് പ്രത്യേക പുണ്യമോ, പ്രത്യേക പ്രാധാന്യമോ പ്രതിപാദിക്കപ്പെട്ടിട്ടില്ല.


അല്ലാഹു അനുഗ്രഹിക്കട്ടെ ....................