Sunday, September 28, 2014

മറ്റൊരാളുടെ സാമ്പത്തിക ബാധ്യതക്ക് ഈട് (ഗ്യാരണ്ടി) നില്‍ക്കല്‍: (ضمان) - ശൈഖ് മുഹമ്മദ്‌ ബിന്‍ ഇബ്രാഹീം അതുവൈജിരി (ഹ)

ضمان (മറ്റൊരാള്‍ക്ക് വേണ്ടി ഈട് നില്‍ക്കല്‍) :

നിര്‍വചനം : മറ്റൊരാളുടെ മേല്‍ ബാധ്യതയായുള്ള സാമ്പത്തിക ബാധ്യത അയാള്‍ നിറവേറ്റാത്ത പക്ഷം ഞാന്‍ നിറവേറ്റുമെന്ന്, പ്രായപൂര്‍ത്തിയും വിവേകവുമുള്ള ഒരു മനുഷ്യന്‍ സ്വയം ഏറ്റെടുക്കുന്നതിനെ ضمان എന്ന് പറയുന്നു.

ضمان ന്‍റെ വിധി:

അനുവദനീയമാണ്. മനുഷ്യന്മാര്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ കരാര്‍. ചിലപ്പോഴൊക്കെ ഒരാവശ്യമായി വരുകയും ചെയ്യും. പുണ്യത്തിന്‍റെയും  തഖ്'വയുടെയും കാര്യത്തില്‍ പരസ്പരം സഹകരിക്കുക എന്ന ഗണത്തില്‍  പെട്ടതാണിത്. ഒരു മുസ്ലിമിന്‍റെ ആവശ്യം നിറവേറ്റുകയും, അവന്‍റെ പ്രയാസം നീക്കിക്കൊടുക്കുകയും ചെയ്യുക എന്ന വലിയൊരു സല്‍കര്‍മ്മം ഈ കരാറില്‍ അടങ്ങിയിട്ടുണ്ട്.

ضمان അനുവദനീയമാകാനുള്ള നിബന്ധന: 

ഒരാള്‍ അത്തരത്തില്‍ മറ്റൊരാളുടെ സാമ്പത്തിക ബാധ്യതക്ക് ഈട് (ഗ്യാരണ്ടി) നില്‍ക്കുന്നുവെങ്കില്‍ അയാള്‍  കര്‍മശാസ്ത്രനിയമപ്രകാരം  സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് അനുമതിയുള്ള ആളും, നിര്‍ബന്ധിതനല്ലാതെ സ്വയം ഇഷ്ടപ്രകാരം അതിന് മുതിരുന്നവനും ആയിരിക്കണം.

കരാര്‍ പ്രാബല്യത്തില്‍ വരുന്ന രൂപം:


1- 'ഞാന്‍ അയാളുടെ ബാധ്യതക്ക് ഈട് (ഗ്യാരണ്ടി) നില്‍ക്കുന്നു', 'അയാളുടെ ബാധ്യത ഞാന്‍ ഏറ്റെടുത്തിരിക്കുന്നു', തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ ആ കരാര്‍ പ്രാബല്യത്തില്‍ വരുന്നു.

2- നിര്‍ണ്ണിതമായ പണത്തിനും ഗ്യാരണ്ടി നില്‍ക്കാം (ഉദാ: 50000 രൂപക്ക് ഞാന്‍ ഗ്യാരണ്ടി നില്‍ക്കുന്നു).

നിര്‍ണ്ണിതമല്ലാതെയും ഗ്യാരണ്ടി നില്‍ക്കാം ( ഉദാ: ഇന്നയാളില്‍ നിന്നും നിനക്ക് ലഭിക്കാനുള്ള മുഴുവന്‍ പണത്തിനും  ഞാന്‍ ഗ്യാരണ്ടി നില്‍ക്കുന്നു).

ഇവിടെ ആര്‍ക്കു വേണ്ടിയാണോ ഗ്യാരണ്ടി നില്‍ക്കപ്പെടുന്നത് ( അഥവാ സാമ്പത്തിക ബാധ്യതയുള്ള ആള്‍) അയാള്‍ ജീവിച്ചിരിക്കുന്നുവോ, മരണപ്പെട്ടുവോ എന്നത് കരാറിനെ ബാധിക്കുകയില്ല.

ضمان (ഈട്) കരാറിന്‍റെ പരിണിതഫലം:
 

ഒരാളുടെസാമ്പത്തിക ബാധ്യതക്ക് മറ്റൊരാള്‍ ഗ്യാരണ്ടി നിന്ന് എന്നതിനാല്‍ മാത്രം അയാളുടെ മേലുള്ള ബാധ്യത ഇല്ലാതാവുന്നില്ല. മറിച്ച് ആ ബാധ്യത അവരുടെ രണ്ടുപേരുടെ മേലും ഉണ്ടായിരിക്കും. പണം കടം നല്‍കിയ വ്യക്തിക്ക് അത് തിരിച്ചു ലഭിക്കുവാനുള്ള സമയമെത്തിയാല്‍ അവരിരുവരില്‍ ആരില്‍ നിന്ന് വെണമെങ്കിലും അത് തിരിച്ച് ആവശ്യപ്പെടാം.

ضمان (ഈട്) കരാര്‍ അവസാനിക്കുന്നത് എപ്രകാരം: 

സാമ്പത്തിക ബാധ്യതയുള്ള ആള്‍ ആ ബാധ്യത നിറവേറ്റുകയോ, ആ ബാധ്യത ലഭിക്കേണ്ടയാല്‍ അത് വിട്ടുകൊടുക്കുകയോ ചെയ്‌താല്‍ ഗ്യാരണ്ടി നിന്നവന്‍റെ ബാധ്യതയും അവസാനിക്കുന്നു.
----------------------------

ഇതില്‍ ബ്രാക്കറ്റില്‍ നല്‍കിയ ഭാഗങ്ങള്‍ ഒഴിച്ച് മറ്റെല്ലാം   ശൈഖ് മുഹമ്മദ് ബിന്‍ ഇബ്രാഹീം അതുവൈജിരി حفظه الله യുടെ مختصر الفقه الإسلامي എന്ന ഗ്രന്ഥത്തില്‍ നിന്നും എടുത്തതാണ്. ശൈഖ് അബ്ദുല്‍ അസീസ്‌ അര്‍റാജിഹി حفظه الله യാണ് ആ പുസ്തകം അച്ചടിച്ച് വിതരണം ചെയ്തിട്ടുള്ളത്. അല്ലാഹു അവരിരുവര്‍ക്കും തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ ... അല്ലാഹുമ്മ ആമീന്‍ ...