Thursday, September 25, 2014

ഉദുഹിയത്ത് അറുക്കുന്നയാള്‍ നഖവും മുടിയും നീക്കം ചെയ്യാതിരിക്കല്‍ ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ക്കും ബാധകമോ ?



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

ഹജ്ജും ഉംറയും ചെയ്യാനാഗ്രഹിക്കുന്ന ഒരാളാണെങ്കില്‍ പോലും  ഉദുഹിയത്ത് അറുക്കാന്‍ ആഗ്രഹിക്കുന്നവാനാണ് എങ്കില്‍ ദുല്‍ഹിജ്ജ മാസത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ മുടി, രോമം, നഖം, തൊലി (ചിലര്‍ കാലിലെ തൊലി നീക്കം ചെയ്യാറുണ്ട്) എന്നിവ നീക്കം ചെയ്യാന്‍ പാടില്ല. എന്നാല്‍ ഹജ്ജിന്‍റെ ഭാഗമായോ അല്ലാതെയോ ദുല്‍ഹിജ്ജ പത്തിനിടക്ക് ഉംറ നിര്‍വഹിക്കുന്നവര്‍ക്ക്,   ഉംറയുടെ ഭാഗമായുള്ള (നുസുക്) തലമുടി നീക്കം ചെയ്യലിന് ഈ നിരോധനം ബാധകമല്ല.

എന്നാല്‍ നുസുക് അല്ലാത്ത എല്ലാ മുടി നീക്കം ചെയ്യലും, നഖം വെട്ടലും ഉദുഹിയത്ത് അറുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയത്ത് നിഷിദ്ധമാണ്.  ഇഹ്റാമില്‍ പ്രവേശിക്കുന്ന സമയത്ത് വൃത്തിയാവുക എന്ന നിലക്ക്  സാധാരണ ആളുകള്‍ ചെയ്യാറുള്ള  രോമം നീക്കം ചെയ്യലും നഖം വെട്ടലും ഈ നിഷിദ്ധത്തില്‍ ഉള്‍പ്പെടുന്നു.

ശൈഖ് ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല) പറയുന്നു: " ഹജ്ജ് ചെയ്യുന്ന ഒരാള്‍ ഉംറ കൂടി നിര്‍വഹിക്കുകയാണ്‌ എങ്കില്‍ അയാളെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമായും മുടി വെട്ടേണ്ടി വരും. അയാളുടെ നാട്ടില്‍ ഉദുഹിയത്ത് അറുക്കാന്‍ ആഗ്രഹിക്കുന്നയാള്‍ ആളാണെങ്കില്‍ പോലും അയാള്‍ മുടി വെട്ടിക്കൊള്ളട്ടെ. ചില ആളുകള്‍ അവരോടൊപ്പം അവരുടെ കുടുംബവും ഹജ്ജ് നിര്‍വഹിക്കുന്നില്ലെങ്കില്‍ അയാള്‍ക്കും അവര്‍ക്കും വേണ്ടി ഉദുഹിയത്തിന്‍റെ മൃഗം വാങ്ങി നല്‍കുകയോ, തന്‍റെ മക്കളെയോ സഹോദരങ്ങളെയോ തുടങ്ങി മറ്റാരെയെങ്കിലും അതേല്‍പ്പിക്കുകയോ ചെയ്യാറുണ്ട്. ഇത്തരം സന്ദര്‍ഭത്തില്‍ അയാള്‍ ഉംറക്കാരനാണെങ്കില്‍ തന്‍റെ മുടി വെട്ടുന്നതില്‍ തെറ്റില്ല. കാരണം ഉംറയില്‍ മുടി വെട്ടുക എന്നുള്ളത് ഒരു ഉംറയുടെ ഒരു ഘടകം (നുസുക്) ആണല്ലോ. " -  (ഈ ഫത'വയുടെ അറബി ആവശ്യമുള്ളവര്‍ ഈ ലിങ്കില്‍ പോകുക: http://www.ibnothaimeen.com/all/noor/article_5425.shtml)


അതുപോലെ ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു: ഒരാള്‍ ഹജ്ജു കാരണോ മറ്റോ ആകട്ടെ അയാള്‍ ഉദുഹിയത്ത് അറുക്കാന്‍ ആഗ്രഹിക്കുന്നവനായിരിക്കെ (ദുല്‍ഹിജ്ജ മാസം പ്രവേശിക്കുന്നതിന് മുന്‍പ്) തന്‍റെ മുടി വെട്ടുകയോ, മുടി നീക്കം ചെയ്യുകയോ നഖം വെട്ടുകയോ ഒക്കെ ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല. പക്ഷെ അയാള്‍ ഉദുഹിയത്ത് അറുക്കാന്‍ ആഗ്രഹിക്കുന്നവനായിരിക്കെ ദുല്‍ഹിജ്ജ മാസത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ ഉദുഹിയത്ത് അറുക്കുന്നത് വരെ തന്‍റെ മുടിയില്‍ നിന്നോ , നഖത്തില്‍ നിന്നോ, തൊലിയില്‍ നിന്നോ വല്ലതും നീക്കം ചെയ്യുന്നതിനെ അവന്‍ വര്‍ജ്ജിക്കേണ്ടതുണ്ട്. കാരണം പ്രവാചകന്‍ (സ) പറഞ്ഞു: " ദുല്‍ഹിജ്ജ മാസം പിറക്കുകയും നിങ്ങള്‍ ഉദുഹിയത്ത് അറുക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്‌താല്‍ തന്‍റെ മുടിയില്‍ നിന്നോ, തൊലിയില്‍ നിന്നോ, നഖത്തില്‍ നിന്നോ യാതൊന്നും തന്നെ അവന്‍ നീക്കം ചെയ്യാന്‍ പാടില്ല." - [സ്വഹീഹ് മുസ്‌ലിം]. " - (ഈ ഫത'വയുടെ അറബി ആവശ്യമുള്ളവര്‍ ഈ ലിങ്കില്‍ പോകുക : http://www.alifta.net/fatawa/fatawaDetails.aspx?View=Page&PageID=3497&PageNo=1&BookID=4&languagename= )


അതിനാല്‍ തന്നെ ഹജ്ജ് ചെയ്യുന്നവര്‍ ആണെങ്കില്‍ പോലും ഉദുഹിയത്ത്  അറുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആണെങ്കില്‍ ദുല്‍ഹിജ്ജ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ അറുക്കുന്നത് വരെ മുടിയും നഖവുമൊന്നും നീക്കം ചെയ്യരുത്. എന്നാല്‍ ഹജ്ജിന് മുന്‍പായോ അല്ലാതെയോ ദുല്‍ഹിജ്ജ പത്തില്‍ ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് , ഉംറയുടെ അവസാനത്തില്‍ അതിന്‍റെ ഭാഗമായി നിര്‍വഹിക്കുന്ന മുടി നീക്കം ചെയ്യല്‍ നിര്‍വഹിക്കാവുന്നതാണ്‌.

അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ....
______________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ